ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇത് സേനാപതി കേരളത്തിന്റെ കിഴക്കേ അതിരിൽ പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് ശിരസുയർത്തി നിൽക്കുന്ന മനോഹരമായ കാർഷിക കുടിയേറ്റ ഗ്രാമം. പച്ച പൊന്നു വിളയുന്ന ഏലമല കാടുകളും, നെൽപ്പാടങ്ങളും, കാപ്പിയും കുരുമുളകും പച്ചക്കറിയുമെല്ലാം വിളയുന്ന കൃഷിയിടങ്ങളും സമൃദ്ധിയുടെ കയ്യൊപ്പ് ചാർത്തുന്ന സുന്ദര ഭൂമി. വീശിയടിക്കുന്ന കിഴക്കൻ കാറ്റിന്റെ തലോടലിൽ ഹരിത കമ്പളം പുതച്ചുറങ്ങുന്ന സ്വർഗം മേടും, സപ്ത സുന്ദരികൾ കാവൽ നിൽക്കുന്ന കാറ്റൂതിമേടും, മലമുകളിലെ കുളവും, കാലവർഷത്തിൽ നിറഞ്ഞൊഴുകുന്ന കുത്തുങ്കൽ ജലപാതവും ചേർന്ന് കാഴ്ചയുടെ കണിയൊരുക്കുന്ന പ്രകൃതിയുടെ ക്യാൻവാസിലെ സുന്ദര ചിത്രം. 

ചരിത്രം

തിരുവിതാംകൂര്‍ രാജസംഘത്തിന്റെ തായ് വഴിയായ പൂഞ്ഞാര്‍ രാജകുടുംബത്തില്‍പ്പെട്ട രാജാവ് രാജക്കാട്ടിലും, രാജകുമാരി രാജകുമാരിയിലും, സേനാനായകര്‍ സേനാപതിയിലും മൃഗയാവിനോദത്തിനിടയില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. സേനാധിപതി താമസിച്ച സ്ഥലം സേനാപതി എന്ന പേരിലും, രാജകുമാരി താമസിച്ച സ്ഥലം രാജകുമാരി എന്ന പേരിലും രാജാവ് താമസിച്ചിരുന്ന സ്ഥലം രാജക്കാട് എന്നും അറിയപ്പെടുന്നു. സേനാപതി പഞ്ചായത്തിന്റെ വടക്കും പടിഞ്ഞാറും അതിരിടുന്ന പഞ്ചായത്തുകളായ രാജകുമാരി, രാജക്കാട് എന്നീ പഞ്ചായത്തുകള്‍ പോലെ തന്നെ ചരിത്രപശ്ചാത്തലമുള്ള പഞ്ചായത്തുകളാണ് തെക്കും കിഴക്കും അതിരിടുന്ന ഉടുമ്പന്‍ചോല, ശാന്തന്‍പാറ പഞ്ചായത്തുകള്‍. തമിഴ് രാജവംശങ്ങളായ ചോളരാജാക്കന്‍മാരുടേയും തിരുമല നായ്ക്കന്‍മാരുടേയും ഭരണകാലഘട്ടത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് മറ്റു രാജവംശങ്ങളില്‍ നിന്നുള്ള ആക്രമണകാലത്തും ഈ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചിരുന്നതായി പറയപ്പെടുന്നു. പൌരാണിക ആദിവാസി വിഭാഗങ്ങള്‍ പലകോളനികളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യമുറപ്പിച്ചിരുന്നു. ഇതിനുദാഹരണമായി ഈ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടേയും ഭൌതികാവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നു. തമിഴ് വംശജരുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി പട്ടം താണുപിള്ള മന്ത്രിസഭ കുടിയേറ്റത്തിന് അനുമതി നല്‍കുകയും ചെയ്തു. അതനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഈ പഞ്ചായത്ത് നിവാസികള്‍ അധികവും. വിവിധ ആചാരവും അനുഷ്ഠാനവും ആധാരമാക്കി പള്ളികളും ക്ഷേത്രങ്ങളും പ്രവര്‍ത്തിക്കുന്നു. വിവിധ ജാതിമത വിഭാഗങ്ങള്‍ സമ്മിശ്രമായി ജീവിക്കുന്നതും ഉച്ചനീചത്വങ്ങള്‍ ഇല്ലാത്തതുമായ ഉന്നത സംസ്കാരത്തിനുടമകളാണ് ഇവിടുത്തെ ജനങ്ങള്‍. കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളുടെയും ഏലത്തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തമിഴ് വംശജരുടേയും ആദിവാസി വിഭാഗങ്ങളുടെയും പ്രധാന വരുമാനം കാര്‍ഷികമേഖലയില്‍ നിന്നാണ്. ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍, ചെങ്കുത്തായ ചെരിവുകള്‍, പാറക്കെട്ടുകള്‍ എന്നിവ തരിശുഭൂമിയാണ്. ഇത്തരം ചെരിവുകളില്‍ പ്രധാനമായി കുരുമുളക്, ഏലം എന്നിവ കൃഷി ചെയ്ത് വരുന്നു. കുന്നുകള്‍ക്കിടയിലെ പാടങ്ങളില്‍ നെല്ലും കൃഷി ചെയ്ത് വരുന്നു. പൊതുവെ പറഞ്ഞാല്‍ കിഴക്ക് പടിഞ്ഞാറു കിടക്കുന്ന മലകളുടെ ചെരിവുകളും അവയ്ക്കിടയിലെ സമതലങ്ങളുമാണ് പ്രധാനമായും കൃഷിക്കുത്തമമായ ഭൂമി. അതിനാല്‍ത്തന്നെ കൃഷിഭൂമികളിലധികവും തെക്കോട്ടോ വടക്കോട്ടോ ചരിഞ്ഞവയാണ്. താരതമ്യേന നിരപ്പായ ഒരു ചെറിയ ശതമാനം ഭൂമിയില്‍ ഏലവും കൃഷി ചെയ്തു വരുന്നു. പൊതുവെ കൃഷിഭൂമി പടിഞ്ഞാറോട്ട് ചരിഞ്ഞതാണ്. മഴയെ ആശ്രയിച്ചാണ് പ്രധാനമായും കൃഷി. കുരുമുളക്, ഏലം, നെല്ല് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. കാപ്പി, തെങ്ങ്, കൊക്കോ, വാഴ, ഗ്രാമ്പു, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങ് വര്‍ഗ വിളകള്‍, കമുക്, പച്ചക്കറികള്‍, ജാതി, ഇഞ്ചിപ്പുല്ല്, തീറ്റപ്പുല്ല് എന്നിവയും ചെറിയ തോതില്‍ കൃഷിചെയ്യപ്പെട്ടിട്ടുണ്ട്. കൃഷിക്കുപയുക്തമായ ഭൂമിയുടെ ഏതാണ്ട് 40% കുരുമുളകാണ്. പഞ്ചായത്തിലെ കര്‍ഷകരില്‍ ഭൂരിപക്ഷത്തിന്റേയും ഏറ്റവും പ്രധാന വരുമാനമാര്‍ഗം കുരുമുളക് കൃഷിയില്‍ നിന്നുള്ളതാണ്. ആദ്യകാലങ്ങളില്‍ പാടങ്ങളിലും കരഭൂമികളിലും നെല്ല്  വിരിപ്പ് കൃഷിയായി കൃഷി ചെയ്തിരുന്നു. മരക്കാടുകളില്‍ ഏലവും മറ്റു സ്ഥലങ്ങളില്‍ കപ്പ, ഇഞ്ചി, ഇഞ്ചിപ്പുല്ല് എന്നിവയും പ്രധാന കൃഷികളായിരുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയില്‍ വന്ന കുറവ് കാലാവസ്ഥയില്‍ വന്ന മാറ്റം എന്നിവമൂലം വേണ്ടത്ര വിളവ് ലഭിക്കാത്തത് വിരിപ്പ് കൃഷിയെ നാമാവശേഷമാക്കിയെന്ന് പറയാം. പിന്നീട് ഈ ഭൂമിയില്‍ ഇഞ്ചി, കപ്പ എന്നിവയാണ് കൃഷി ചെയ്തു വന്നത്. ആദ്യകാലത്തെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ പുല്‍ത്തൈലം, ഇഞ്ചി എന്നിവയും ഭക്ഷ്യാവശ്യങ്ങള്‍ നെല്ല്, കപ്പ എന്നിവയും മൂലം നിറവേറ്റപ്പെട്ടു. 70-കളിലും 80-കളിലും കുരുമുളക് കൃഷിയില്‍ ഒരു വന്‍ മുന്നേറ്റത്തിന്റെ കാലമായിരുന്നു. ഏലം, കപ്പ, ഇഞ്ചി, ഇഞ്ചിപ്പുല്ല് എന്നിവ കൃഷി ചെയ്തിരുന്ന ഭൂമികള്‍ കുരുമുളക് തോട്ടങ്ങളാക്കി മാറ്റപ്പെട്ടു. 80-കളുടെ തുടക്കത്തില്‍ കുരുമുളകിന് ഉയര്‍ന്ന വില ലഭിക്കാന്‍ തുടങ്ങിയതും ഇഞ്ചിപ്പുല്ല് സംസ്കരിക്കുന്നതിനുള്ള വിറകിന്റെയും സൌകര്യങ്ങളുടേയും ദൌര്‍ലഭ്യവും അവസാനമായി ശേഷിച്ചിരുന്ന പുല്‍കൃഷിയും കുരുമുളക് തോട്ടങ്ങള്‍ക്കുവേണ്ടി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് കാരണമായി.

സാംസ്കാരിക ചരിത്രം

1950 കാലഘട്ടങ്ങളില്‍ ഇവിടുത്തെ നിവാസികളുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ഇന്നത്തെ രീതിയിലുള്ള ബാലവാടികളോ, പഴയരീതിയിലുള്ള ആശാന്‍ കളരികളോ അന്നുണ്ടായിരുന്നില്ല. നിരന്തരമായ മഴയും  അതിശൈത്യവും കുട്ടികളെ വീടുകളില്‍ നിന്നും വെളിയില്‍ വിടുന്നതിന് കഴിയാത്ത ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പഞ്ചായത്തിലെ ആദ്യവിഭ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് ഗവ. ട്രൈബല്‍ അരിവിളംചാല്‍ ആണ്. എന്നാല്‍ ഏലത്തോട്ടങ്ങളില്‍കൂടി കുന്നും, മലയും കയറിയിറങ്ങി വളരെ കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം കുട്ടികള്‍ക്ക് സ്കൂളില്‍ എത്തിച്ചേരുവാന്‍. യാതൊരു യാത്രാസൌകര്യങ്ങളും ഇല്ലാത്ത ഈ സ്ഥലത്ത് വന്ന് ജോലി നോക്കുവാന്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്നുമുള്ള അദ്ധ്യാപകര്‍ തയ്യാറാകാത്തതിനാല്‍ ആദ്യകാലങ്ങളില്‍ ഈ സ്കൂളില്‍ അദ്ധ്യാപകരും കുറവായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തര ഫലമായി നാട്ടിലെമ്പാടും അനുഭവപ്പെട്ട അതിരൂക്ഷമായ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഫലമായി ഒരു നേരത്തെ ഭക്ഷണത്തിനും ഒരു തുണ്ട് ഭൂമിയ്ക്കും വേണ്ടി ഇടുക്കി ജില്ലയിലേയ്ക്ക് കുടിയേറിയ കര്‍ഷകരില്‍ ഒരു വിഭാഗം എത്തപ്പെട്ട സേനാപതി പഞ്ചായത്തിലെ സാംസ്ക്കാരിക നില കേരളത്തില്‍ രൂപം കൊണ്ടിട്ടുള്ള മറ്റേതൊരു സംസ്ക്കാരത്തില്‍ നിന്നും ഒട്ടും പിന്നിലല്ല. കുടിയേറ്റത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ അനുഭവപ്പെട്ട പട്ടിണിരോഗം, വന്യമൃഗശല്യം, പ്രകൃതി ക്ഷോഭം എന്നിവയില്‍ നിന്നും രക്ഷനേടുന്നതിനു വേണ്ടി കുടിയേറ്റക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന ഒത്തൊരുമ പഞ്ചായത്തിലെ സാംസ്ക്കാരിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. രാജഭരണത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയുടേയും ഫ്യൂഡല്‍ സര്‍വ്വാധിപത്യത്തിന്റെയും നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളുമായി വിവിധ ദേശങ്ങളില്‍ നിന്നും കുടിയേറിയ ഈ പഞ്ചായത്തിലെ ജനങ്ങള്‍ മതനിരപേക്ഷതയുടെയും സാമുഹ്യമൈത്രിയുടെയും ഉന്നത സംസ്കാരം നിലനിര്‍ത്തുന്നതിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മലനാട് ലൈബ്രറി എന്ന പേരില്‍ ആരംഭിച്ച വായനശാലയാണ് പഞ്ചായത്ത് ലൈബ്രറിയായി രൂപാന്തരപ്പെട്ടത്.

മഹാശിലായുഗ കാലത്തോളം നീളുന്ന മനുഷ്യവാസത്തിന്റെ ചരിത്രഗാഥകൾ ഉറങ്ങുന്ന ഈ മണ്ണിൽ സ്വർഗം മേട്ടിലെ മുനികല്ലുകളും, ഒട്ടാത്തി മലയിലെ പ്ലയിൻപറയും, കാറ്റൂതി മേട്ടിലെ സപ്തകന്യകകളുടെ കാവും, കുളവും, കറുപ്പ സ്വാമിയുടെ പ്രതിമയും കുളവുമെല്ലാം ചേർന്ന് വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ തുറന്നിടുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ മൂലം ഉയർന്ന് വന്ന ഭഷ്യ ക്ഷാമത്തിൽ നിന്ന് കരകയറാനായി തിരുവിതാങ്കൂറിൽ നിന്നും കൊച്ചിയിൽ നിന്നുമെല്ലാം കുടിയേറിയെത്തിയ മനുഷ്യരുടെ പിന്മുറക്കാരാണ് പഞ്ചായത്തിലെ ജനസംഘ്യയിൽ അധികവും. ഹൈറേഞ്ചിലെ മനുഷ്യ കുടിയേറ്റത്തിന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആദിമഗോത്ര വിഭാഗങ്ങൾ സേനാപതി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജീവിച്ചിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. പഞ്ചായത്തിന്റെ പേരുതന്നെ പുരാണങ്ങളും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതും ചരിത്രാതീത കാലത്തിന്  മുമ്പേ ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്ന വസ്തുതയ്ക്ക് ബലം നൽകുന്നു. കുടിയേറ്റ കാലത്ത് ആത്മധൈര്യം മാത്രം കൈമുതലാക്കി മല കയറിയെത്തിയ മനുഷ്യർ അടിക്കാടുകൾ തെളിച്ചു സേനാപതിയുടെ  മലമടക്കുകൾ സ്വർണ്ണം വിളയുന്ന സുന്ദര ഭൂമിയാക്കി മാറ്റി. മൊട്ടക്കുന്നുകളും, ചെറു സമതലങ്ങളും, പാറക്കെട്ടുകളും, കുഞ്ഞ് അരുവികളും, തോടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രദേശം. ചതുപ്പുകളും, പുൽമേടുകളും നിറഞ്ഞിരുന്ന ഈ പ്രദേശം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു. പഞ്ചായത്തിന്റെ മൂന്ന് അതിരുകളും ജലത്താൽ ചുറ്റപ്പെട്ട ദ്വീപ് സമാനമായ ഭൂപ്രദേശമാണ് സേനാപതി പഞ്ചായത്തിന്റേത്. പന്നിയാർ പുഴയും ചെമ്മണ്ണാർ തോടും അതിരിട്ടു നിൽക്കുന്ന ഇവിടെ ഏലം കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാനുള്ളത്. അതുകൊണ്ട് തന്നെ പണ്ടുതൊട്ടേ ഏലം കൃഷിയുമായി ബന്ധപ്പെട്ടാണ് ജങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. കുടിയേറ്റ കർഷകർ എത്തിയതോടെ കുരുമുളക്, കാപ്പി, മരച്ചീനി, വാഴ, തെങ്ങ് തുടങ്ങിയ വിളകളും ഇവിടെ കൃഷി ചെയ്തു തുടങ്ങി.